മുംബൈ: ട്വന്റി-20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്വെയ്ക്കെതിരേ വെസ്റ്റ് ഇൻഡീസിന് പടുകൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 20 ഓവറിൽ ആറ് വിക്കറ്റിന് 254 റൺസ് അടിച്ചുകൂട്ടി.
ഷിംറോൺ ഹിറ്റ്മയർ (34 പന്തിൽ 85), റോവ്മാൻ പവൽ (35 പന്തിൽ 59) എന്നിവരുടെ അതിവേഗ അർധ സെഞ്ചുറികളാണ് വിൻഡീസിന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. ലോകകപ്പിൽ മിന്നും ഫോം തുടരുന്ന ഹിറ്റ്മയർ ഏഴ് വീതം ഫോറും സിക്സും പറത്തിയാണ് 85 റൺസ് നേടിയത്.
19 പന്തിൽ അർധ സെഞ്ചുറി നേടിയ ഹിറ്റ്മയർ വിൻഡീസ് താരത്തിന്റെ ഏറ്റവും വേഗമേറിയ അർധ സെഞ്ചുറിയും സ്വന്തം പേരിൽ കുറിച്ചു. പവൽ നാല് വീതം ഫോറും സിക്സും നേടിയാണ് അർധ സെഞ്ചുറി പൂർത്തിയാക്കിയത്.
ഇരുവരും മൂന്നാം വിക്കറ്റിൽ 122 റൺസ് അടിച്ചുകൂട്ടി. 13 പന്തിൽ 31 റൺസ് നേടിയ ഷർഫെയ്ൻ റൂതർഫോഡും 10 പന്തിൽ 21 റൺസ് നേടിയ റൊമാരിയോ ഷെപ്പേർഡും ചേർന്നാണ് വിൻഡീസ് സ്കോർ 250 കടത്തിയത്.
19 സിക്സറുകളാണ് വിൻഡീസ് ബാറ്റർമാർ നേടിയത്. ട്വന്റി-20 ലോകകപ്പിൽ ഒരു ടീം നേടുന്ന രണ്ടാമത്തെ വലിയ സ്കോറാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പിറന്നത്.
സിംബാബ്വെയ്ക്കായി ബ്ലെസിംഗ് മുസർബാനി, റിച്ചാർഡ് എൻഗറാവ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ നേടി.